100 കിലോമീറ്റർ വേഗത്തിൽ അപകടയാത്ര…. അച്ഛന്റെ മടിയിലിരുന്ന് സ്പീഡിൽ കുഞ്ഞിന്റെ ഡ്രൈവിംഗ്…

കഴക്കൂട്ടം: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കുമ്പോഴും റോഡിലെ അപകടക്കളി തുടരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് അച്ഛന്റെ മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് കാർ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്. കഴക്കൂട്ടം എയർപോർട്ട് റോഡിൽ അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈ ഓവറിലായിരുന്നു സംഭവം.
ഡ്രൈവർ സീറ്റിലിരുന്ന അച്ഛന്റെ മടിയിൽ ഇരുന്ന മൂന്നോ നാലോ വയസ്സുള്ള കുട്ടി സ്റ്റിയറിംഗ് തിരിച്ച് കാർ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കാറിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ വീണ്ടും വേഗത്തിൽ മുന്നോട്ടുപോയതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. റോഡിൽ വാഹനങ്ങൾ കുറവായിരുന്ന സമയമായതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്നാണ് വിലയിരുത്തൽ. കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. അപകടകരമായ പ്രവൃത്തി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന ബോധ്യത്തിലാണ് വീഡിയോ എടുത്തതെന്ന് ദൃശ്യങ്ങൾ പകർത്തിയ വ്യക്തി പ്രതികരിച്ചു. പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.



