കരുതലിന്റെ പുതുയുഗം; വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി

മുതിർന്ന പൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്ന വയോജന ബിൽ കേരള നിയമസഭ നിയമസഭ പാസാക്കി. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങൾ, അനുബന്ധ സൗകര്യങ്ങൾ, പകൽവീട്, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ല് വിഭാവനം ചെയ്യുന്നു.

നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചർച്ചകൾക്കും ഭേദഗതികൾക്കും ഒടുവിലാണ് ഈ ബില്ല് സഭാംഗീകാരം നേടിയത്. വയോജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു ബില്ല് പാസാക്കുന്നത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള മനുഷ്യരെ ചേർത്ത് പിടിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരു നിയമനിർമ്മാണം നടത്താൻ കേരള നിയമസഭയ്ക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ‘ലോകം ശ്രദ്ധിക്കുന്ന ഒരു മോഡൽ കേരളത്തിൽ യാഥാർഥ്യമാക്കണം എന്നതാണ് നമ്മുടെ സ്വപ്നം. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിയിലൂടെ നമ്മൾ സഞ്ചരിക്കുന്നു. 2026 ലെ കേരള മുതിർന്ന പൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും ബിൽ നിയമസഭ പാസാക്കി. കേരളം ഒരിക്കൽ കൂടി രാജ്യത്തിന് മാതൃകയായിരിക്കുകയാണ്’ – മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button