ഭാരം കുറഞ്ഞ പാഠപുസ്തകങ്ങൾ… സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ…

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ അടുത്ത മാസം 24ന് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ച് പുസ്തകങ്ങൾ നിർമിക്കുന്നതും പാഠപുസ്തകങ്ങൾ അർധവാർഷിക അടിസ്ഥാനത്തിൽ വിഭജിക്കുന്നതും പരിഗണനയിലുണ്ട്.

ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്ന ആവശ്യമാണ് നിയമസഭയിൽ ഉന്നയിക്കപ്പെട്ടത്. കൈപ്പമംഗലം എംഎൽഎ കെ. കെ. വത്സരാജിന് മണ്ഡലത്തിലെ ഒരു സ്കൂൾ ലീഡർ നൽകിയ നിവേദനമാണ് നിയമസഭാ ചട്ടം 113 പ്രകാരം സഭയുടെ ശ്രദ്ധയിൽപ്പെട്ടത്. വിദ്യാർഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി ലഭിക്കുകയുമായിരുന്നു. ചട്ടം 113 പ്രകാരം അവതരിപ്പിക്കുന്ന നിവേദനത്തിൽ സഭയിൽ നേരിട്ട് ചർച്ച അനുവദിക്കില്ല. പകരം വിഷയം പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് പതിവ്. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സർക്കാർ യോഗം വിളിച്ചിരിക്കുകയാണ്.

Related Articles

Back to top button