രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു….

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ വെച്ച് അപകടത്തിൽപെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെങ്കിലും രാഹുൽ ഗാന്ധിക്ക് പരിക്കുകളില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ലഖ്നൗവിൽ നിന്ന് സുൽത്താൻപുർ കോടതിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത അപകടം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ മുൻപിൽ പോയിരുന്ന വാഹനം ഒരു ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ തട്ടിയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന്, പിന്നാലെ വന്ന മറ്റ് വാഹനങ്ങളും ഇതിലേക്ക് ഇടിച്ചു കയറി ചെറിയ രീതിയിലുള്ള പരമ്പരയായി കൂട്ടിയിടിയായി മാറുകയായിരുന്നു. രാജ്യതലസ്ഥാനത്തിന് 100 കിലോമീറ്റർ അകലെ, ഹലിയാപുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അപകടത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്ന ചില കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കും രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് പരിക്കുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം യാത്ര തുടർന്നു.



