ചേരാനെല്ലൂർ അപകടം… പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ…

എറണാകുളം: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസ് എടുക്കാൻ നീക്കം. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് നടപടി. ഇക്കാര്യം ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കാറിടിച്ച് മരിച്ചത്.

നാട്ടുകാർ എത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. കാർ ഓടിക്കാൻ നൽകിയത് സംബന്ധിച്ച്, വാഹനം ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് എടുത്തതെന്നും അപകട സമയത്ത് കനത്ത മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി. പ്രതിക്കെതിരെ നിലവിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ആണ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡുമായി ആലോചിച്ച ശേഷമായിരിക്കും സ്റ്റേഷൻ ജാമ്യം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. അപകടത്തിന് കാരണമായ വാഹനം ജഡ്ജിയുടെ പേരിലുള്ളതാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഡ്രൈവറുടെ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും (MVD), പൊലീസും, ഫോറൻസിക് വിഭാഗവും അപകടസ്ഥലത്ത് നേരിട്ടെത്തി പരിശോധനകൾ നടത്തി.

Related Articles

Back to top button