17 വയസ്സുകാരന് പൊലീസിന്റെ ക്രൂരമർദ്ദനമെന്ന് പരാതി… സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരം: വർക്കലയിൽ 17 വയസ്സുകാരന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരൻ ഫോണിൽ ബന്ധപ്പെട്ടെന്ന സംശയത്തിലാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ശരീരമാകെ മർദ്ദനമേറ്റ പാടുകളുണ്ടെന്നും കാലിന് പരിക്കേറ്റതായും കഴുത്തിന് പരിക്കുണ്ടെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കി. മർദ്ദന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു. ജീപ്പിൽ വെച്ച് എസ്‌.ഐ. മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ കുട്ടി രക്തം ഛർദ്ദിച്ചെന്നും മാതാവ് പറയുന്നു. വർക്കല എസ്.ഐ. ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പ്രതിപക്ഷ യുവജന സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, കുട്ടിയെ ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും മർദ്ദനമേറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വർക്കല പൊലീസിന്റെ വിശദീകരണം. കുട്ടിയുടെ കാലിന് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും, ഇതിന് തെളിവായി സി.സി.ടി.വി. ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പൊലീസ് അവകാശപ്പെടുന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button