കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ് ആകുമോ?… കെ.ടി. ജലീൽ

കൊച്ചി: മുസ്ലിം ലീഗ് കേരളത്തിൽ ദുർബലമായാൽ ആ സ്ഥാനം തീവ്ര ആശയവാദികൾ കൈയടക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി. ജലീൽ. കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ് ആകുമോ എന്ന ചോദ്യമുയർത്തിയാണ് ജലീലിന്റെ വിമർശനം. മുസ്ലിംകൾ തീവ്രവാദ സംഘടനകളിൽ ചേരുന്നതിൽ നിന്ന് അവരെ തടഞ്ഞുനിർത്തുന്ന അരിപ്പയായാണ് മുസ്ലിം ലീഗിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നാണ് പ്രസ്താവനയുടെ അർഥമെന്ന് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മുസ്ലിം ലീഗ് ഇല്ലാതായാൽ പാർട്ടിയിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റ് മതേതര പാർട്ടികളിലോ ചേരാതെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അർഥമെന്നും ജലീൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം മുഴുവൻ മുസ്ലിംകളെയും പ്രത്യേകിച്ച് മുസ്ലിം ലീഗ് പ്രവർത്തകരെയും തീവ്രവാദികളായി മുദ്രകുത്തുന്നതിന് സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
കോൺഗ്രസ്സില്ലെങ്കിൽ ഹിന്ദുക്കളെല്ലാം RSS ആകുമോ മുഖ്യമന്ത്രി? ലീഗുകാരല്ലാത്ത മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്ലിങ്ങളെ മുഴുവൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ അപമാനിച്ചിരിക്കയാണ്. ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശൻ്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പൻ മറുപടി ആര്യാടൻ തന്നെ കൊടുക്കുമായിരുന്നു.
സത്യത്തിൽ ലീഗിന് സതീശൻ നൽകിയ അംഗീകാരമുദ്രയാണോ അദ്ദേഹത്തിൻ്റെ പ്രസ്താവന. മുസ്ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളിൽ ചേക്കാറാൻ മുട്ടി നിൽക്കുന്നവരാണെന്നും, അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിർത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിൻ്റെ പച്ചമലയാളത്തിലുള്ള അർത്ഥം.
ലീഗില്ലാതാകുന്ന നിമിഷം ലീഗിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസ്സിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റു മതേതര പാർട്ടികളിലോ ചേരാതെ, മുസ്ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്ലിങ്ങളെയും വിശിഷ്യാ മുസ്ലിംലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്.
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ്സിലെ ഹിന്ദുക്കൾ മുഴുവൻ ആർ.എസ്.എസിൽ ചേരുമായിരുന്നു എന്ന് പറയുന്നത് പോലെ അസംബന്ധമാണ് ലീഗില്ലെങ്കിൽ മുസ്ലിംലീഗുകാരായവരെല്ലാം തീവ്ര ആശയഗതിക്കാരുടെ സംഘത്തിൽ ഉൾപ്പെടുമായിരുന്നു എന്ന നിഗമനം!
മുസ്ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ നേർത്തതാണെന്നും ലീഗെന്ന “വലയിൽ” അവർ പെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ ലീഗുകാരും മുസ്ലിം തീവ്രഗ്രൂപ്പുകളിൽ അകപ്പെട്ടു പോകുമെന്നും സമ്മതിക്കാൻ അഭിമാന ബോധമുള്ള ലീഗുകാർക്ക് എങ്ങിനെ സാധിക്കും?
സത്യത്തിൽ അതിനെക്കാൾ വലിയൊരപമാനം മുസ്ലിംലീഗുകാർക്ക് വേറെയുണ്ടോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി താൻ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണം. അല്ലെങ്കിൽ ഹൈക്കമാൻ്റ് ഇടപെട്ട് അദ്ദേഹത്തെ തിരുത്തിക്കണം. ഇതുരണ്ടും നടന്നില്ലെങ്കിൽ പ്രസ്താവന പിൻവലിക്കാൻ മുസ്ലിംലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം



