പ്രിയങ്ക ഗാന്ധിയുടെ മകന്റെ ഫോട്ടോപ്രദർശനം കേരളത്തിൽ നടത്താം… മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ പൂർണമായി നടത്താൻ സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നടക്കുന്ന പ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് കേരളത്തിന്റെ വാഗ്ദാനം.
റെയ്ഹാന്റെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ഫോട്ടോപ്രദർശനം ഒരു ചിത്രം പോലും ഒഴിവാക്കാതെ കേരളത്തിൽ നടത്താമെന്ന് വി.ഡി. സതീശൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സന്തോഷത്തോടെയും അഭിമാനത്തോടെയും പ്രദർശനത്തിന് സൗകര്യമൊരുക്കാൻ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു. റെയ്ഹാനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തായിരുന്നു സന്ദേശം. റെയ്ഹാന്റെ അടുത്ത ഫോട്ടോപ്രദർശനം ബെംഗളൂരുവിൽ നടത്താൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മുംബൈയിൽ പ്രദർശനത്തിന് സൗകര്യമൊരുക്കാമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും അറിയിച്ചിട്ടുണ്ട്. ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് ബിക്കാനിർ ഹൗസ് അധികൃതർ ഒഴിവാക്കാൻ നിർദേശിച്ചത്.
നയത്തിന് വിരുദ്ധമായതിനാലാണ് ചില ചിത്രങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഈ നടപടി ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ സെൻസർഷിപ്പാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റും നടപടിയെ അപലപിച്ചു. അതിനിടെ, റെയ്ഹാനെ പിന്തുണച്ച് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും തമ്മിൽ ഭിന്നതയുണ്ടെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.



