എസ്എംഎ മരുന്ന് വിവാദം… ജനറിക് മരുന്നുകൾക്ക് എതിരല്ല… കെ.കെ. ശൈലജ

തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ. മരുന്നുമായി ബന്ധപ്പെട്ട് രോഗികളുടെ രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന നിലപാടിനെ ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമായി തെറ്റിദ്ധരിക്കരുതെന്ന് കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തങ്ങൾ ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും അവർ പറഞ്ഞു.
പുതിയ മരുന്നിന്റെ ജൈവതുല്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നാണ് നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാരും കമ്പനിയും വ്യക്തത വരുത്തണമെന്നും ശൈലജയുടെ വിശദീകരണം. എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ കഴിഞ്ഞദിവസം സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ജനറിക് മരുന്നുകൾക്ക് എതിരാണെന്ന വിമർശനം ഉയർന്നതോടെ വിഷയം വിവാദമായി. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.കെ. ശൈലജ വിശദീകരണം നൽകിയത്.



