വിവരാവകാശത്തിന്റെ കഴുത്ത് ഞെരിക്കുന്നു…. യുഡിഎഫിനെതിരെ…

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ അഴിമതികൾ മറച്ചുവെക്കാനാണ് സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിജിലൻസിലെ ടി ബ്രാഞ്ച് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം വന്നതെന്ന് പിണറായി ആരോപിച്ചു. ഭരണത്തിന്റെ തണലിൽ അഴിമതി നടത്തുന്നവരെ രക്ഷിക്കാനുള്ള വെപ്രാളമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചുകൊടുക്കുന്നതിന് തുല്യമാണ് നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. വിവരാവകാശ നിയമം തങ്ങളുടെ തറവാട്ടുസ്വത്താണെന്ന് മേനിപറഞ്ഞ കോൺഗ്രസ്, ഇപ്പോൾ അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദവും ഇടപെടലും കാരണമാണ് യുപിഎ ഭരണകാലത്ത് ഈ ജനകീയ നിയമം രാജ്യത്ത് നിലവിൽ വന്നതെന്നും പിണറായി അവകാശപ്പെട്ടു.

സ്വന്തം തട്ടിപ്പുകൾ പുറത്തുവരുമെന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ അഴിമതിയുടെ വേരുകൾ എത്രത്തോളം ആഴത്തിൽ പടർന്നിട്ടുണ്ടാകുമെന്ന് ചിന്തിക്കണമെന്നും പിണറായി കുറിച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള ജനവിരുദ്ധ നീക്കത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കട്ടവനെ കാവൽക്കാരനാക്കുന്ന’ ഇത്തരം നീക്കങ്ങൾ കേരളത്തിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Related Articles

Back to top button