കെഎംസിസി കവർച്ചാ ആരോപണം… റസാഖ് റൊട്ടാനയെ പുറത്താക്കി…

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള ലീഗിന്റെ എല്ലാ പോഷക സംഘടനകളിൽ നിന്നും റസാഖിനെ പുറത്താക്കിയിട്ടുണ്ട്. കേസിൽ കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിനെതിരെ മൊഴി നൽകിയിരുന്നു.

കേസിലെ മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിലും റസാഖിനെതിരെ ആരോപണമുണ്ടായിരുന്നു. അതേസമയം, കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളി രംഗത്തെത്തി. കേസിലെ എഫ്ഐആറിൽ തന്റെ പേരില്ലെന്നും മുഖ്യപ്രതി ബോംബെ ഷാജിയെ അറിയില്ലെന്നും കമറുദ്ദീൻ പയ്യോളി വ്യക്തമാക്കി. തനിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെഎംസിസി ഓഫീസിലെ കവർച്ച ക്വട്ടേഷൻ പ്രകാരമാണെന്ന് സൂചിപ്പിക്കുന്ന ബോംബെ ഷാജിയുടെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്ക് അയച്ച സന്ദേശത്തിൽ, കമറുദ്ദീന് വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് ബോംബെ ഷാജി പറയുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട പുതിയ ശബ്ദസന്ദേശവും പുറത്തുവന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button