കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും അപകടഭീതി… പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിംഗ് അടർന്നുവീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ റെറ്റിന പരിശോധനാ മുറിക്ക് സമീപമാണ് സംഭവം. സീലിംഗ് അടർന്നുവീണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
രോഗികൾ കാത്തിരിക്കുന്ന സ്ഥലത്താണ് ഇന്നലെ രാത്രി സീലിംഗ് അടർന്നുവീണത്. കണ്ണുപരിശോധനയ്ക്കായി ദിവസേന നിരവധി ആളുകൾ എത്തുന്ന മേഖലയാണിത്. അപകടസമയത്ത് കൂടുതൽ ആളുകൾ സ്ഥലത്തുണ്ടായിരുന്നെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് എട്ട് മാസത്തിനുശേഷം അപകടമുണ്ടായിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് സംഭവം ആശങ്ക ഉയർത്തുന്നുണ്ട്.



