കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി.. സൈക്കിൾ കണ്ടെത്തിയത്..

പട്ടത്താനത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തിൽ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) അന്വേഷണം ഊർജിതമാക്കി. വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്.
കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന അബ്രഹാം സ്കൂൾ വിട്ട് വീട്ടിലെത്തിയശേഷം സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്താണ് താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്ക് മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നതിനായി അബ്രഹാം ട്രെയിനിൽ കയറി യാത്ര ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ സാധ്യത മുൻനിർത്തി കൊല്ലം റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി കൊല്ലം ഈസ്റ്റ് പൊലീസും ആർപിഎഫും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അബ്രഹാമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെയോ ആർപിഎഫിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കുട്ടിയെ കണ്ടുകിട്ടുകയോ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0474 2742072
ബിരേന്ദർ (കുട്ടിയുടെ പിതാവ്): +91 99956 38154



