റെയ്ഹാന്റെ ഫോട്ടോപ്രദർശനം വിവാദത്തിൽ; രാഹുൽ–പ്രിയങ്ക ഭിന്നതയെന്ന് ബിജെപി ആരോപണം

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന ആരോപണവുമായി ബിജെപി. പ്രിയങ്കയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രാഷ്ട്രീയ ആയുധമാക്കുന്നത്. കോൺഗ്രസിൽ രാഹുലും പ്രിയങ്കയും നേർക്കുനേർ നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശനത്തിൽനിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള ചില ചിത്രങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്. പ്രദർശനത്തിന്റെ സ്വഭാവവും ബുക്കിങ്ങുമായി ബന്ധപ്പെട്ട നിബന്ധനകളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.



