ഐഡിബിഐക്ക് പിന്നാലെ നാല് ബാങ്കുകളിൽ കൂടി ഓഹരി വിൽപ്പനയ്ക്ക് കേന്ദ്രം

ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ ഫെയർഫാക്സിന് വിൽക്കാനുള്ള നടപടികൾക്ക് പിന്നാലെ നാല് പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനാണ് നീക്കം. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ബാങ്കുകളിലെ പൊതുനിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാർക്ക് 75 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കാൻ പാടില്ലെന്ന സെബി വ്യവസ്ഥയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 2026 ഓഗസ്റ്റ് വരെ ഈ ചട്ടത്തിൽ ഇളവ് നൽകിയിരുന്നെങ്കിലും പിന്നീട് ഇളവ് നീട്ടിയുള്ള ഉത്തരവ് ഉണ്ടായിട്ടില്ല. അതേസമയം, ഓഹരി വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button