ഗവ. എൽ.പി സ്കൂളിലെ തകർന്ന സീലിങ്  തകര്‍ന്നിട്ട് ഒരാഴ്ച… വാർത്തയ്ക്ക് പിന്നാലെ….

തിരുവനന്തപുരം: കുട്ടികൾ വരാന്തയിലിരുന്ന് പഠിക്കേണ്ടിവന്ന ആര്യനാട് പഴയതെരുവ് ഗവ. എൽ.പി സ്കൂളിലെ തകർന്ന സീലിങ്ങിന്റെ പുനർനിർമാണം തുടങ്ങി. സീലിങ് തകർന്നതിനെ തുടർന്ന് ക്ലാസ് മുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അതിവേഗ ഇടപെടൽ. ഈ മാസം 16-നാണ് ക്ലാസ് മുറിയിലെ മേൽക്കൂരയ്ക്ക് താഴെ സ്ഥാപിച്ചിരുന്ന സീലിങ് അടർന്നുവീണത്. 

പിന്നാലെ മഴ ശക്തമായതോടെ ക്ലാസ് മുറികളിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് കൂടുതൽ ദുഷ്കരമായി. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ എത്തിയപ്പോഴാണ് ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള സ്കൂളിൽ നിലവിൽ ഒൻപത് കുട്ടികളാണുള്ളത്. ഒരുകാലത്ത് നിരവധി വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂൾ പിന്നീട് കുട്ടികളില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. സ്കൂൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതിനിടെയാണ് പ്രദേശവാസികൾ സ്വന്തം മക്കളെ ഇവിടെ ചേർത്ത് പഠനം തുടരാൻ സഹായിച്ചത്.

എന്നാൽ സീലിങ് തകർന്നതോടെ കുട്ടികൾക്ക് ക്ലാസ് മുറിക്ക് പകരം വരാന്തയിലിരുന്ന് പഠിക്കേണ്ടിവന്നു. തകർന്ന സീലിങ്ങിന്റെ പുനർനിർമാണം പുരോഗമിക്കുകയാണെന്നാണ് സ്കൂൾ അധികൃതരുടെയും ഭരണസമിതിയുടെയും പ്രതികരണം. അതേസമയം, ഒരു സീലിങ്ങിന്റെ നിർമാണം പൂർത്തിയാക്കാൻ ഇനിയും എത്ര ദിവസം വേണ്ടിവരുമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്.

Back to top button