കുട്ടികളെ ലക്ഷ്യമിട്ട് പുകയില വിൽപന… 54-കാരൻ പിടിയിൽ

തൃശൂർ: സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ദിലീപ് (54) ആണ് അറസ്റ്റിലായത്. സ്റ്റേഷൻ റൗഡിയായ ഇയാളുടെ വീട്ടിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിൽ നിന്നുമായി 4,680 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു.

വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തിയത്. വീടിനുള്ളിൽ ചാക്കുകളിലാക്കിയും പ്രതി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പാക്കറ്റുകൾ. തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളെയും എക്സൈസ് സംഘം വലപ്പാട് പൊലീസിന് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലപ്പാട് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button