അയൽവാസികൾക്ക് നേരെ മാരകായുധവുമായി ആക്രമണം… ഒളിവിലായിരുന്ന പ്രതി…

പത്തനംതിട്ട: വള്ളിക്കോട് അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

അയൽവാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി പ്രതി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം ഉപയോഗിച്ച് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ G, SI (SHO) അനീഷ് എബ്രഹാം, SI രഞ്ജിത്, CPO മാരായ അനീഷ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ശ്രീജേഷ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button