തെറ്റായ പ്രചാരണങ്ങളിലൂടെ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുത്… ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സയ്ക്കായി ഇന്ത്യൻ നിർമിത മരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രി. കുറഞ്ഞ ചിലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുതെന്നും ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.
വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇന്ത്യൻ നിർമിത മരുന്ന് ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്തുതന്നെ ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതലാണ് എസ്എംഎ ക്ലിനിക്കുകൾ വഴി ആരോഗ്യവകുപ്പ് ഇന്ത്യൻ നിർമിതമായ പുതിയ മരുന്ന് വിതരണം ചെയ്തുതുടങ്ങിയത്. മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കി. പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. രക്ഷിതാക്കളുടെ ആശങ്ക ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പരീക്ഷണ മരുന്നിന്റെ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതികരിച്ചു.
കുട്ടികളുടെ ജീവൻവച്ച് ചൂതാടുകയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പുതിയ മരുന്നിന് രാജ്യത്ത് ആവശ്യമായ എല്ലാ അംഗീകാരങ്ങളുമുണ്ടെന്നും കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്നത് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.



