കൂടത്തിൽ തറവാട് കൊലക്കേസ്… രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കരമന കാലടി ഉമാമന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻ നായർ (63) കൊല്ലപ്പെട്ട കേസിൽ പ്രതി രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-1, നാളെ വൈകിട്ട് നാലുമണി വരെയാണ് പ്രതിയെ കസ്റ്റഡിയിൽ അനുവദിച്ചത്. രവീന്ദ്രൻ നായരെ വിശദമായി ചോദ്യം ചെയ്ത് കൊലപാതകത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചും കേസിലെ മറ്റു സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. കൊലപാതകത്തിനു പിന്നാലെ സ്വത്ത് കൈക്കലാക്കാൻ വ്യാജരേഖകൾ തയാറാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ചോദ്യംചെയ്യൽ നടത്തും. ജയമാധവൻ നായരുടെ സഹചാരിയും സഹായിയുമായിരുന്നു രവീന്ദ്രൻ നായരെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിലും വ്യാജ ആധാരം രജിസ്റ്റർ ചെയ്തതിലും പ്രതിയെ സഹായിച്ചെന്ന് സംശയിക്കുന്നവരെയും അന്വേഷണസംഘം നിരീക്ഷിക്കുന്നുണ്ട്. ഇവരെയും ചോദ്യംചെയ്യും. ജയമാധവൻ നായരുടെ മരണശേഷം രവീന്ദ്രൻ നായരും സഹായികളായ സഹദേവൻ, സജു, സെന്തിൽ, അനിൽകുമാർ, ലീല എന്നിവരും കൂടത്തിൽ സ്വത്തിന്റെ അവകാശികളാണെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖകൾ തയാറാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വത്തിന്റെ അവകാശികൾ തമ്മിൽ തർക്കമുണ്ടെന്നും കോടതി ഇടപെട്ട് സ്വത്ത് വിഭജിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സത്യവാങ്മൂലം നൽകിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

വ്യാജരേഖകൾ ഉപയോഗിച്ച് കേസ് നീട്ടിക്കൊണ്ടുപോയതായും പിന്നീട് തർക്കം ഒത്തുതീർപ്പായെന്ന് അറിയിച്ച് സ്വത്ത് വിഭജിക്കാൻ അനുമതി തേടി വീണ്ടും സത്യവാങ്മൂലം നൽകിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവും നേടിയെടുത്തെന്നാണ് ആരോപണം. കവടിയാറിലെ ഭൂമി തട്ടിപ്പുകേസിലെ പ്രതിയാണ് വ്യാജ ആധാരം തയാറാക്കാൻ രവീന്ദ്രൻ നായരെയും കൂട്ടാളികളെയും സഹായിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പത്തുലക്ഷം രൂപ കൈമാറിയതിന്റെ രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. വ്യാജ ആധാരം തയാറാക്കാൻ സഹായിച്ചയാളെ കേസിൽ പ്രതി ചേർക്കാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു.

Related Articles

Back to top button