വോട്ട് ചോരി ആരോപണം വെറും ഷോ… അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല…

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം വെറും ‘ഷോ’ മാത്രമാണെന്നും, നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ ഇത് ഉന്നയിക്കുന്നതെന്നും അമിത് ഷാ തുറന്നടിച്ചു. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും, അതുകൊണ്ടുതന്നെ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ലെന്നും അമിത് ഷാ പറഞ്ഞു.“നിങ്ങൾ കൊണ്ടുനടക്കുന്ന ഈ നെഗറ്റീവ് രാഷ്ട്രീയം കാരണം തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. ജയിക്കുമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണ്, എന്നാൽ തോൽക്കുമ്പോൾ കമ്മീഷന് കുഴപ്പമായി. എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരില്ല” – അമിത് ഷാ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ലെന്നും, പ്രധാനമന്ത്രി മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു. പഞ്ചാബിൽ നിന്ന് എഎപി സർക്കാരിനെ ജനങ്ങൾ വേരോടെ പിഴുതെറിയുമെന്നും, പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് എഎപി രാഷ്ട്രീയം നടത്തിയതെന്നും, ദില്ലിയിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ അവർ ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Related Articles

Back to top button