കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ഉപദ്രവിക്കാൻ ശ്രമം; അക്രമിയെ ഒരു കിലോമീറ്റർ പിന്തുടർന്ന്..

കട്ടപ്പന: നഗരത്തിൽ മാതാപിതാക്കൾക്കൊപ്പം നടക്കവെ മദ്യലഹരിയിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി. തുടർന്ന് പോലീസിൽ ഏൽപ്പിച്ച യുവാവിനെതിരെ കേസെടുത്തു. കട്ടപ്പനയിൽ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

മാതാപിതാക്കൾക്കൊപ്പം കട്ടപ്പന നഗരത്തിലെത്തിയതായിരുന്നു കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ വീണ സജി. മാർക്കറ്റ് ജങ്ഷനിലൂടെ നടന്നുവരുന്നതനിടയിൽ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

പിന്നാലെ മാതാപിതാക്കളുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടൻ തന്നെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീണ അക്രമിയുടെ പിന്നാലെ ഓടി. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുവരെ ഇയാളെ ഓടിച്ചു. സ്റ്റാൻഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ അക്രമിയെ പിടിച്ചുനിർത്തി.

കൊച്ചി സ്വദേശിയായ ജാക്‌സൺ ( 25) ആണ് പിടിയിലായത്. തുടർന്ന് കട്ടപ്പന പോലീസിന് കൈമാറി. രക്ഷപ്പെടാൻ വേണ്ടി അതിഥി തൊഴിലാളിയായി അഭിനയിച്ചെങ്കിലും ഇയാൾ എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. മദ്യപിച്ചെത്തിയ ഇയാൾ രാവിലെ മുതൽ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നങ്ങളുണ്ടാക്കിയെന്നും വിവരമുണ്ട്.

Related Articles

Back to top button