ആലപ്പുഴയിൽ സി.പി.ഐ–സി.പി.എം സ്മാരക തർക്കം

ആലപ്പുഴ: പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപവുമായി ബന്ധപ്പെട്ട് സി.പി.ഐ–സി.പി.എം തർക്കം വീണ്ടും രൂക്ഷമാകുന്നു. സമരഭൂമിയിലെ പുതിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തണമെന്ന സി.പി.ഐയുടെ ആവശ്യം സി.പി.എം നിരസിച്ചതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. ഇതോടെ പുന്നപ്ര–വയലാർ വാരാചരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനിച്ചു. സി.പി.ഐയുടെ നേതൃത്വത്തിൽ പുതിയ രക്തസാക്ഷി മണ്ഡപം നിർമിച്ചതോടെ പുന്നപ്ര–വയലാറിൽ രണ്ട് രക്തസാക്ഷി മണ്ഡപങ്ങളായി.

സി.പി.ഐയുടെ മണ്ഡപത്തെ സ്മാരകമായി പരിഗണിക്കാൻ കഴിയില്ലെന്ന് സി.പി.എം രേഖാമൂലം അറിയിച്ചതായാണ് വിവരം. രക്തസാക്ഷികളെ സി.പി.എം അവഗണിച്ചെന്നും പാർട്ടിയുടെ നിലപാട് തെറ്റാണെന്നും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ. ജയൻ വിമർശിച്ചു. ഇന്നലെയാണ് പുന്നപ്ര–വയലാർ വാരാചരണത്തിന് തുടക്കമായത്. ഈ മാസം 27ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കും. പുന്നപ്ര–വയലാർ രക്തസാക്ഷികളും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ 50 സെന്റ് സ്ഥലം ഇരു പാർട്ടികളുടെയും സംയുക്ത സ്വത്താണ്. നേരത്തെയും വി.എസ്. അച്യുതാനന്ദന്റെ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിൽ തർക്കമുണ്ടായിരുന്നു. വ്യക്തികൾക്ക് സ്മാരകം നിർമിക്കില്ലെന്ന ധാരണ ലംഘിച്ചാണ് സി.പി.എം നീങ്ങുന്നതെന്നായിരുന്നു അന്ന് സി.പി.ഐയുടെ വിമർശനം. ഒടുവിൽ സ്മാരകത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയാണ് തർക്കം താൽക്കാലികമായി പരിഹരിച്ചത്.

Related Articles

Back to top button