എസ്എംഎ മരുന്ന്: കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുതെന്ന് പിണറായി

സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതരായ കുട്ടികൾക്ക് ആരോഗ്യ വകുപ്പ് നൽകുന്ന മരുന്നിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ . പുതിയതായി വിതരണം ചെയ്യുന്ന ഇന്ത്യൻ കമ്പനിയുടെ മരുന്നിൽ ഡോക്ടേഴ്സ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയതിലാണ് ആശങ്ക. ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്നത് ഭീതിദമായ ചോദ്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു എന്നാൽ മരുന്ന് പരീക്ഷണമെന്ന വാദം തള്ളിയ ആരോഗ്യ വകുപ്പ് കേന്ദ്രാനുമതിയുള്ള മരുന്നാണ് നൽകുന്നതെന്ന് വിശദീകരിച്ചു.
ഇന്നലെ മുതലാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിർമിതമായ പുതിയ മരുന്ന് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. അതുവരെ വിതരണം ചെയ്തിരുന്നത് 15 ലക്ഷം രൂപ വിലയുള്ള വിദേശ നിർമിത മരുന്നായിരുന്നു. 8000 രൂപ വിലയുള്ള ഇന്ത്യൻ മരുന്നിലെ കവറിൽ ഡോക്ടേഴ്സ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിരുന്നത് രക്ഷിതാക്കൾക്കു് ആശങ്കയുണ്ടാക്കി. പുതിയ മരുന്നിൻറെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു .
രക്ഷിതാക്കളുടെ ആശങ്ക പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റെടുത്തു. പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയെന്നത് നിസ്സാരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. . പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വച്ച് ചൂതാടുകയാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സൂപ്രണ്ട് പ്രതികരിച്ചു. രാജ്യത്ത് വേണ്ട എല്ലാ അംഗീകാരവും പുതിയ മരുന്നിനുണ്ട്. കുറഞ്ഞ വിലയുള്ള മരുന്ന് കൂടുതൽ കുട്ടികൾക്ക് ചികിത്സ കിട്ടാൻ സഹായിക്കും. സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർത്ഥ മരുന്നും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ഡോ റിയാസ് വിശദീകരിച്ചു.



