ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഡിജിറ്റൽ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത്

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഡിജിറ്റൽ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയുടെ ഫോൺ സെർച്ച് ഹിസ്റ്ററിയിൽ കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്ണോയിയെക്കുറിച്ചും തെരഞ്ഞതായി കണ്ടെത്തി. കൂടാതെ ടെലഗ്രാമിലെ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിൽ പ്രതി സജീവമായി ഇടപെട്ടിരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമ സംഭവത്തിന് പിന്നിൽ ഗുണ്ടാ-തീവ്രവാദ ശൃംഖലകളുടെ പങ്കുണ്ടോയെന്ന സാധ്യത കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതേസമയം എബിൻ പോളിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തുടരുകയാണ്. കേസിൽ പരാമർശിക്കപ്പെടുന്ന അജ്ഞാതനായ ‘ബോസിനെ’ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്. എറണാകുളം മാർക്കറ്റ് റോഡിൽ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിലാണ് ആക്രമണം ഉണ്ടായത്. ഒരാൾ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീല നിറത്തിലുള്ള കാറിൽ വന്നയാളാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ശേഷം കാറ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പുത്തൻകുരിശിൽ താമസിക്കുന്ന എബിൻ പോൾ എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജൂതപ്പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിൻ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയിൽ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്.



