ആലപ്പുഴയിലെ രണ്ടുവയസുകാരന്റെ മരണം.. കുട്ടികൾക്ക് ലഭിച്ച അരി.. പിതാവിനെതിരെ ഗുരുതര ആരോപണവുമായി വാർഡ് മെമ്പർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും അനീമിയയും മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൂടുതൽ ആരോപണങ്ങൾ. സ്കൂളിൽനിന്ന് കുട്ടികൾക്ക് ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് സമീപത്തെ ഹോട്ടലിൽ വിറ്റിരുന്നുവെന്നാണ് പഞ്ചായത്ത് വാർഡ് അംഗം വിനീതിന്റെ ആരോപണം. സെപ്റ്റംബറിൽ ലഭിച്ച 20 കിലോ അരി 500 രൂപയ്ക്ക് ഹോട്ടലിൽ വിറ്റതായും അദ്ദേഹം പറഞ്ഞു.
വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഞായറാഴ്ച രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പിതാവിന്റെ വിശദീകരണം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അനീമിയയാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ സംഭവം വലിയ ചർച്ചയായി. ഇതിനു പിന്നാലെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും മാതാപിതാക്കൾ വേണ്ടത്ര പരിചരണം ഉറപ്പാക്കിയിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വിശക്കുമ്പോൾ കട്ടൻചായയിൽ ബിസ്കറ്റ് കലർത്തിയാണ് കുട്ടികൾക്ക് നൽകിയിരുന്നതെന്ന് അയൽവാസികൾ വെളിപ്പെടുത്തി. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിലും വീഴ്ചയുണ്ടായിരുന്നുവെന്നാണ് ആരോപണം. നേരത്തെയും ദമ്പതികളുടെ മറ്റൊരു മകൻ മരിച്ചിരുന്നു. മാതാപിതാക്കളുടെ അവഗണനയാണ് അന്നത്തെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.
രാജേഷ്–താര ദമ്പതികൾക്ക് ഏഴ് കുട്ടികളുണ്ടെന്നാണ് വിവരം. ഇതിൽ നാലു പെൺകുട്ടികൾ നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്. ആറാമത്തെ കുട്ടിയാണ് രാഹുൽ. ഏഴാമത്തെ കുഞ്ഞിന് രണ്ടു ദിവസം മുൻപാണ് താര ജന്മം നൽകിയത്. ബിരുദധാരിയായ രാജേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്.
രാഹുലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്കൊപ്പം കുടുംബത്തിലെ മറ്റ് കുട്ടികളുടെ സുരക്ഷയും പരിചരണവും സംബന്ധിച്ച വിഷയങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്.




