രാത്രി ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവെ യുവതിയെ പിന്തുടർന്നു, റോഡിൽ…

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി അറസ്റ്റിൽ. ദാറുഫല കോയമൻസിലിൽ മുഹമ്മദ് അഫ്‌ലഹി(23) നെയാണ് മാറാട് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. 14-ാം തിയ്യതി രാത്രിയിലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയായ യുവതിയുടെ പുറകിൽ ബൈക്കിൽ പിൻതുടർന്ന് വന്ന അഫ്‌ലഹ് അരക്കിണർ മുണ്ടകൻപാടം പൊതു റോഡിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുറ്റകൃത്യം നടത്തിയത് അഫ്‌ലഹ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സൈബർ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇയാളെ ചെറുവണ്ണൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾ മുൻപും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. രാമനാട്ടുകര മേൽപാലത്തിന്റെ നിർമ്മാണാവശ്യാർത്ഥം രാമനാട്ടുകര ബൈപ്പാസിൽ സൂക്ഷിച്ചു വച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റും മോഷണം നടത്തിയതിനും നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവർന്നതിനും സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയതിനുമാണ് കേസുകളുള്ളത്. കോടതിയിൽ ഹാജരാക്കിയ അഫ്‌ലഹിനെ റിമാന്റ് ചെയ്തു.

Related Articles

Back to top button