സിജെപിയുടെ തിരംഗ മാർച്ച്; മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

വെള്ളിയാഴ്ച നടന്ന തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ’ പ്രസിഡന്റ് നേഹ ബോറ, ആം ആദ്മി പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസുകൾ എടുത്തിരിക്കുന്നത്. ഏകദേശം 24 മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം, ഒരു വർഷത്തേക്ക് സമാധാനം പാലിക്കാമെന്ന ബോണ്ടിൽ അഭിജീത് ദിപ്കെയെ പോലീസ് വിട്ടയച്ചിരുന്നു.

മാർച്ചിനിടെ ആയുധങ്ങളും വടിയുമായി എത്തിയതിന് രണ്ടു ഗാസിയാബാദ് സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നടപടിയെടുത്തു. കേന്ദ്രസേന ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളിലും അന്വേഷണം നടത്താനാണ് ദില്ലി പൊലീസിൻ്റെ തീരുമാനം.

അതേസമയം,മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ഡൽഹിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടർന്നേക്കും. നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നതിനാൽ ‍ഇന്ന് ആരും സമരപ്രഖ്യാപനം നടത്തിയിട്ടില്ല. കർശനമായ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ സിജെപി നേതാക്കൾ ഏത് തരത്തിലാകും ഇനി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം. ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യയെ അതൃപ്തി അറിയിക്കാന്‍ ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയക്ക് കത്തെഴുതി. ദസറക്ക് ഇടവേള നല്‍കിയ പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ക്ക് നല്‍കും.

Related Articles

Back to top button