ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പമ്പയിൽ എത്തും….

ശബരിമല: മണ്ഡല–മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി കെ. മുരളീധരന്റെയും നേതൃത്വത്തിൽ ഇന്ന് പമ്പയിൽ അവലോകനയോഗം ചേരും. രാവിലെ ഒൻപതിന് നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ യോഗം ആരംഭിക്കും. തുടർന്ന് രാവിലെ 10.30ന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. വൈകിട്ട് നാലിന് സന്നിധാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തും. അഞ്ചിന് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തും.
തുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക. 22 വരെ പൂജകൾ ഉണ്ടാകും. നാളെ ശബരിമല അയ്യപ്പ ക്ഷേത്രത്തിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സന്നിധാനത്ത് നടക്കും. വെർച്വൽ ക്യൂ ബുക്കിങ് കണക്കുകൾ മണ്ഡലകാലത്തിന് സമാനമായ തിരക്കിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഇന്ന് 30,000 പേരും നാളെ 50,000 പേരും 19ന് 42,540 പേരും ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. സാധാരണ നട തുറക്കുന്ന ദിവസം പരമാവധി 10,000 പേർക്കാണ് വെർച്വൽ ക്യൂ അനുവദിക്കാറുള്ളത്. ഇതിന് പുറമേ സ്പോട്ട് ബുക്കിങ് കൂടി ഉണ്ടാകുന്നതോടെ തിരക്ക് ഗണ്യമായി വർധിച്ചേക്കും.
തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ പൊലീസ്, ദേവസ്വം ബോർഡ്, കെഎസ്ആർടിസി എന്നിവ ഒരുക്കിയില്ലെങ്കിൽ തീർഥാടകർ ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയുണ്ട്. കന്നിമാസ പൂജാ സമയത്ത് ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാതിരുന്നത് തീർഥാടകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനായി കെഎസ്ആർടിസി 70 ബസുകൾ അനുവദിച്ചിട്ടുണ്ട്. പമ്പയിലെ സ്പെഷ്യൽ സർവീസിനായി ചെങ്ങന്നൂരിൽനിന്ന് 35, പത്തനംതിട്ടയിൽനിന്ന് 12, കുമളിയിൽനിന്ന് നാല് ബസുകളും അനുവദിച്ചു. തിരക്ക് വർധിച്ചാൽ സമീപ ഡിപ്പോകളിൽനിന്ന് കൂടുതൽ ബസുകൾ പമ്പയിലെത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
