പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം… ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ പിതാവ് നൗഷാദ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മിഷൻ റിപ്പോർട്ട് തേടി.
പ്രണയത്തിന്റെ പേരിൽ മകനെ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ ആരോപണം. അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാകാതെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞുവെന്നും നൗഷാദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കിയതെന്നും പിതാവ് ആരോപിച്ചു. ഒബ്സർവേഷൻ ഹോമിൽനിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിൽ കഴിയുകയായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.



