പട്ടാപ്പകൽ വീട്ടിനുള്ളിൽ വയോധിക കൊലചെയ്യപ്പെട്ട നിലയിൽ… കൊലയാളിയുടേതെന്ന് സംശയിക്കുന്ന…

തൃശ്ശൂർ: തൃശ്ശൂർ കാറളത്ത് 79 വയസ്സുകാരിയായ സാവിത്രിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ വയോധിക ധരിച്ചിരുന്ന 16 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, മോതിരങ്ങൾ എന്നിവയാണ് ശരീരത്തിൽ നിന്നു നഷ്ടമായത്. സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
പട്ടാപ്പകൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ഭർത്താവ് വിജയനുമൊപ്പം ആശുപത്രിയിൽ പോയ മകനും മരുമകളും തിരിച്ചുവരുന്നതുവരെ സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരം നാലേകാലോടെ ചെറുമകൾ റിതിക വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതക ശേഷം തെളിവ് നശിപ്പിക്കുന്നതിനായി വീടാകെ മുളകുപൊടി വിതറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി പരിശോധന നടത്തി. നാട്ടുകാരുടെ മൊഴികൾ ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. സാവിത്രിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.




