എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് നേരെ നടന്ന ആക്രമണം; പ്രതി പിടിയിൽ

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. സംഭവത്തിൽ പുത്തൻകുരിശ് സ്വദേശി എബിൻ പോളാണ് അറസ്റ്റിലായത്. സെൻട്രൽ പോലീസാണ് ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്നതാണ് പോലീസിന്റെ സംശയം. അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്നും ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തിൽ എറണാകുളം സെൻട്രൽ പോലീസും ലഹരി മരുന്ന് പിടികൂടിയതിൽ പുത്തൻകുരിശ് പോലീസും കേസെടുത്തു. കേന്ദ്ര ഏജൻസികളടക്കം പ്രതിയെ ചോദ്യം ചെയ്തു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുൻവശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പോലീസ് സംരക്ഷണമുണ്ട്. എന്നാൽ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
സംഭവ സ്ഥലത്തേക്ക് കാറിൽ വന്നിറങ്ങിയ പ്രതി വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം രാവിലെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും ഇയാളെ പിടികൂടിയതും. യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇയാൾ സിനഗോഗിന് നേരെ ആക്രമണം നടത്തിയത് എന്നതിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.




