മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ നടപടി… വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും പരിചരണവും ഉറപ്പാക്കുന്നതിനുള്ള വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ രൂപീകരിക്കുക, പീഡനങ്ങൾക്കെതിരെ ശിക്ഷ ഉറപ്പാക്കുക, ജീവിതാന്ത്യ ചികിത്സാ തീരുമാനങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുക തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് രൂപീകരിക്കും. വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും യൂണിറ്റിന്റെ അധ്യക്ഷൻ. ജില്ലാതലത്തിലും സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും. മുതിർന്ന പൗരന്മാർക്ക് സ്വന്തം വീടുകളിൽ സുരക്ഷിതമായി കഴിയുന്നതിനാണ് ബിൽ പ്രാഥമിക പരിഗണന നൽകുന്നത്. സ്ഥാപനങ്ങളിലെ പരിചരണം അവസാന മാർഗമായി മാത്രമേ പരിഗണിക്കൂ. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, ക്രൂരത കാട്ടുക, ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചരണദാതാക്കൾക്കും ശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കാം.

ജീവിതാന്ത്യ ഘട്ടത്തിൽ സ്വീകരിക്കേണ്ട ചികിത്സയെക്കുറിച്ചുള്ള മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി രേഖപ്പെടുത്താനുള്ള ‘ലിവിങ് വിൽ’ അവകാശത്തിനും ബിൽ നിയമപരമായ അംഗീകാരം നൽകുന്നു. വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കാനും ബില്ലിൽ നിർദേശമുണ്ട്.

Related Articles

Back to top button