സർക്കാർ സ്പോൺസേർഡ് നരനായാട്ടാണ് നടന്നതെന്ന് പ്രതിപക്ഷം… പൊലീസിനെ വധിക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന്…

തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം നിയമസഭയിൽ വലിയ വാക്പോരിന് വഴിവെച്ചു. കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിൽ ഭരണപക്ഷവും പോലീസും ചേർന്ന് സർവകലാശാല ഹോസ്റ്റലിനെ യുദ്ധക്കളമാക്കി മാറ്റിയെന്ന് ചൂണ്ടിക്കാട്ടി വി. ജോയ് എം.എൽ.എ സഭയിൽ ഒടിഞ്ഞ ലാത്തി ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. ഗവൺമെന്റ് സ്പോൺസേർഡ് നരനായാട്ടാണ് ഹോസ്റ്റലിൽ നടന്നതെന്ന് വി. ജോയ് ആരോപിച്ചു.
എസ്.ഐ. ഗോകുൽ 34 സെക്കൻഡ് കൊണ്ട് 24 അടി ലാത്തികൊണ്ട് അടിച്ചു. ഹോസ്റ്റലിലേക്ക് പന്തം എറിഞ്ഞതിനെത്തുടർന്ന് ഹോസ്റ്റൽ തീഗോളമായി മാറിയെന്നും, ഫയർഫോഴ്സ് എത്തിയില്ലായിരുന്നുവെങ്കിൽ കുട്ടികൾ വെന്ത് മരിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായി അന്വേഷിച്ചാൽ ഇടുപ്പിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്തുത ലാത്തി വാച്ച് ആൻഡ് വാർഡിന് കൈമാറാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എത്തിയ പൊലീസിന് നേരെയാണ് പ്രതിഷേധക്കാർ കല്ലും ബിയർ കുപ്പിയും എറിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.
പൊലീസുകാരെ വധിക്കുമെന്ന് നേതാക്കൾ പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. പാവപ്പെട്ട പൊലീസുകാരന്റെ കയ്യിൽ ഇരുന്ന ലാത്തിയാണ് പിടിച്ചുകൊണ്ടു വന്ന് ജോയ് സഭയിൽ വെച്ചതെന്നും, ഇതിന് അദ്ദേഹം മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. അനാവശ്യ സമരങ്ങളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകരുതെന്നും ന്യായമായ ആവശ്യങ്ങൾ ആണെങ്കിൽ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



