പള്ളിയിലെ തിരക്കിനിടെ മൂന്ന് വയസ്സുകാരിയുടെ… പ്രതി പിടിയിൽ

കോഴിക്കോട്: മാതാപിതാക്കൾക്കൊപ്പം മാഹി പള്ളിയിലെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചെന്ന കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചുവരുന്ന ഷിഹാബിനെയാണ് മാഹി പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ സ്വർണവളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി കുടുംബം മാഹി പള്ളിയിലെത്തിയതായിരുന്നു.

രാത്രി 9.45ഓടെ മാതാവിന്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ വലിയ തിരക്കുണ്ടായിരുന്നു. പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കൈയിലെ വള ആരോ ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിനിടെ കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ചിത്രങ്ങൾ ബന്ധു പകർത്തിയിരുന്നു. ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ കുട്ടിയുടെ സമീപത്ത് സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ കുട്ടിയുടെ കൈയിൽ നിന്ന് വള ഊരിയെടുത്ത് കടന്നുകളയുന്നതായി വ്യക്തമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷിഹാബിനെ പിടികൂടി.

Related Articles

Back to top button