സതീശനും പിണറായിയും രാജിവെക്കണം… സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന്….

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ നടപടികൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ്. എസ്.ഐ.ആർ നടപടികൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഇരുവരും അധികാരസ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ എസ്.ഐ.ആർ മികച്ചതാണെന്നും മറ്റു സംസ്ഥാനങ്ങളിലേത് മോശമാണെന്നുമുള്ള നിലപാട് കാപട്യമാണെന്ന് സാബു എം. ജേക്കബ് വിമർശിച്ചു. മരിച്ചവരുടെയും ഇരട്ടവോട്ടുകളുടെയും പേരിൽ ഉൾപ്പെടെ കേരളത്തിൽ നിന്ന് 24 ലക്ഷം വ്യാജവോട്ടുകൾ എസ്.ഐ.ആർ വഴി നീക്കിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കേരളത്തിലെ നടപടിക്കെതിരെ പരാതിയുന്നയിക്കാത്തവർ മറ്റു സംസ്ഥാനങ്ങളിലെ നടപടിയെ ‘വോട്ട് ചോരി’ എന്ന് വിശേഷിപ്പിച്ച് ഡൽഹിയിൽ സമരം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ സെക്രട്ടറിയായി നിയമിച്ച കാര്യം ചൂണ്ടിക്കാട്ടിയ സാബു എം. ജേക്കബ്, ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് ധാർമികതയുടെ പേരിലാണ് ഡൽഹിയിൽ സമരം നടത്താൻ കഴിയുന്നതെന്നും ചോദിച്ചു.

ജനങ്ങളെ കബളിപ്പിക്കുന്ന കാര്യത്തിൽ സതീശനും പിണറായി വിജയനും ഒരേ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. ധൈര്യമുണ്ടെങ്കിൽ ഇരുവരും കേരളത്തിലും എസ്.ഐ.ആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണമെന്നും വെല്ലുവിളിച്ചു. ഡൽഹിയിലെ സമരത്തിന് മുൻപ് പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിലായപ്പോൾ അദ്ദേഹത്തെ പുറത്തിറക്കാൻ ആദ്യം ഇടപെട്ടത് സതീശനാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button