ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്…

ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഉദയഗിരിയിലുള്ള പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തും അതിന് മുഖ്യമന്ത്രി നൽകിയ സ്നേഹനിർഭരമായ മറുപടിയും ശ്രദ്ധേയമാകുന്നു. കുട്ടികൾ തങ്ങളുടെ സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷ ഓർമ്മകളും മുഖ്യമന്ത്രിയോട് കത്തിലൂടെ പങ്കുവെച്ചു. “സാറിന്റെ ചിരി കാണാൻ നല്ല രസമാണ്, അത് ഞങ്ങൾക്ക് പ്രചോദനമാണ്” എന്നും “ഭക്ഷണം ഒക്കെ സമയത്തിന് കഴിക്കണം, അസുഖമൊന്നും വരുത്തരുത്” എന്നും കുട്ടികൾ കത്തിൽ ആകുലതയോടെ കുറിച്ചിരുന്നു. കൂടാതെ, തങ്ങളുടെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്കൂൾ സന്ദർശിച്ചപ്പോൾ ഉണ്ടായ അഭിമാനവും സന്തോഷവും അവർ പങ്കുവെച്ചു. നഗരങ്ങളിലെ സ്കൂളുകളിലേതുപോലെ തങ്ങളുടെ പഠനത്തിനും സ്മാർട്ട് ക്ലാസ് മുറികൾ വേണമെന്ന ആവശ്യവും കുട്ടികൾ കത്തിലൂടെ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചു.



