കളമശ്ശേരി പീഡനക്കേസ്: കുറ്റക്കാരെ വെറുതെ വിടില്ല…. അതിജീവിതയെ സന്ദർശിച്ച് മന്ത്രി

ആലപ്പുഴ: കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെങ്കിലും ഇപ്പോഴും വലിയ മാനസികാഘാതത്തിലാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വാഗ്ദാനം നൽകി വിളിച്ചുവരുത്തി ചൂഷണം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ സർക്കാർ വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലഹരിക്കെതിരായ നടപടികൾ ശക്തമായി തുടരുന്നുണ്ടെങ്കിലും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർ ഇപ്പോഴും മറഞ്ഞിരിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. അത്തരക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഏറെ നാളായി കുറ്റകൃത്യങ്ങൾ നടന്നുവരികയായിരുന്നുവെന്ന് എസിപി ബിജോയ് ചന്ദ്രൻ പ്രതികരിച്ചു.
കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ അകപ്പെട്ടതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം മുന്നോട്ടുവച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും മറ്റു പരാതികളുണ്ടോയെന്ന് പരിശോധിക്കാനും അന്വേഷണം തുടരുകയാണ്. അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം കേസിലെ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ.




