മക്കൾ അവഗണിക്കുന്നു…. പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമം… 60കാരിയെ….

പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിച്ച 60കാരിയെ നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പിന്തിരിപ്പിച്ചു. പാലത്തിന്റെ കൈവരി മറികടന്ന് ചാടാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ തടയുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ത്രീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി മദ്യപിച്ച നിലയിലെത്തിയ സ്ത്രീ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും ചാടാൻ ശ്രമിക്കുന്നതു കണ്ട നാട്ടുകാർ ഇടപെട്ട് തടഞ്ഞു.

വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷും രണ്ട് വനിതാ സഹപ്രവർത്തകരും ചേർന്ന് സ്ത്രീയെ പിന്തിരിപ്പിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകരുതെന്ന് സ്ത്രീ വാശിപിടിച്ചെങ്കിലും പിന്നീട് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കുശേഷം പൊലീസ് റിപ്പോർട്ട് വേണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി ഡോക്ടർക്ക് റിപ്പോർട്ട് കൈമാറി. ഭർത്താവ് മരിച്ച തനിക്ക് ഒരു പ്രണയബന്ധമുണ്ടെന്നും മക്കൾ തന്നോട് അവഗണന കാണിക്കുന്നതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സ്ത്രീയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button