‘100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കി, ഫയൽ നീക്കത്തിന് ഫയൽ അദാലത്ത് നടത്തും, വയോജനവകുപ്പിന് പുതിയ നിയമം’…

100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടെന്നും അവയിൽ 568 പദ്ധതികൾ പൂർണമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 എണ്ണം വിവിധ ഘട്ടങ്ങളിൽ ഫലപ്രദമായി നടപ്പാക്കാനായി. മന്ത്രിസഭായോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 96.5 ശതമാനം പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു. വകുപ്പുതല ഏകോപനവും ഉദ്യോഗസ്ഥ പങ്കാളിത്തവും ഉറപ്പാക്കി. പൊതുജനങ്ങൾക്ക് പുരോഗതി അറിയാൻ പ്രത്യേക പോർട്ടലുണ്ട്.
ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയൽ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അറിയിച്ചു. ജനസ്പർശം എന്ന പേരിൽ ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് നടത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വയോജന വകുപ്പിന് പുതിയ നിയമം കൊണ്ടുവരും. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ്. ഇത് മുഴുവൻ സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാകും. ഈ സഭാ സമ്മേളനത്തിൽ അത് പാസാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
