പീഡനങ്ങൾക്കെതിരെ പുതിയ ദൗത്യസേന…. ഐ.ജി അജിത ബീഗം ഐ.പി.എസിന് പ്രത്യേക ചുമതല

തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ഐ.ജി അജിത ബീഗത്തിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല നൽകിയിരിക്കുന്നത്. ലഹരിമാഫിയയ്ക്കെതിരെ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിലാണ് ആഭ്യന്തരവകുപ്പ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഗാർഹിക അതിക്രമങ്ങൾ തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ 92 സ്ത്രീകളാണ് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ഈ സാഹചര്യത്തിലാണ് ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ഔദ്യോഗിക വേഷത്തിലല്ലാതെ ബന്ധപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ കേസിന്റെ പുരോഗതി, കൗൺസിലിങ് തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും. ഡിജിറ്റൽ ഹെൽപ്പ്‌ലൈൻ, വാട്‌സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവ വഴി വേഗത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യാം. ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സ്പീക്ക് അപ്പ് മേധാവി അജിത ബീഗം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. എന്നിവയാണ് പദ്ധതിയുടെ പ്രത്യേകതകൾ.



