കളമശ്ശേരി കൂട്ടബലാത്സംഗം: ‘അമ്മു’ എന്ന് വിളിക്കുന്ന ശരണ്യയാണ്… ഞെട്ടിക്കുന്ന മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരിയിലെ ലൈസൻസില്ലാത്ത സ്പായുടെ മറവിൽ യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘അമ്മു’ എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യയാണ് തന്നെ ഏറ്റവും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് അതിജീവിതയായ യുവതി പോലീസിന് മൊഴി നൽകി. ഒരു സ്ത്രീ ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് യുവതി സ്ഥാപനത്തിലെത്തിയത്.
എന്നാൽ വിശ്വസിപ്പിച്ച് കൂടെക്കൂട്ടിയ ശരണ്യ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. അഭിമുഖത്തിന് വിളിച്ച് വരുത്തി ലോഡ്ജിലെത്തിച്ച് ഐസ്ക്രീമിൽ രാസലഹരി കലർത്തിനൽകിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരാണ് കേസിൽ അറസ്റ്റിലായ നാല് പ്രതികൾ. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് ശരണ്യയും സഞ്ജുവും പോലീസിന്റെ പിടിയിലായത്. മുഖ്യപ്രതികളായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പോലീസ് ഇതിനോടകം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സ്പായുടെ മറവിൽ ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചുനൽകുന്ന അനധികൃത റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ലഹരിയുടെ ഉറവിടം, സെക്സ് റാക്കറ്റ്, ഗുണ്ടാ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന യുവതി നിലവിൽ ചികിത്സയിലാണ്.



