ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തി; യുവാവ്…

കൊല്ലത്ത് ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യപ്പടുത്തുന്ന യുവാവ് പിടിയിൽ. സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും ഇയാൾ നടത്തിയിരുന്നു. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പിടിയിലായത്. പ്രതി ഏറെ നാളായി ഇത്തരത്തിൽ പെരുമാറുന്നെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അനൂപ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളും കുട്ടികളും നിൽക്കുന്ന കടകൾക്ക് സമീപമെത്തി ശല്യം ചെയ്യുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നതുമാണ് ഇയാളുടെ രീതി. തിങ്കളാഴ്ച രാവിലെയും ഇത് ആവർത്തിച്ചു. പരാതിയെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മറ്റൊരു സംഭവത്തിൽ തൃശൂരിൽ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ. വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) നെയാണ് വലപ്പാട് പൊലീസ് പിടികൂടിയത്. വധശ്രമ കേസിലും ഇയാൾ പ്രതിയാണ്.



