സുരേഷ് ബാബുവിനെതിരായ ആരോപണം… അറിയാത്ത കാര്യത്തിൽ ഊഹിച്ചു പ്രതികരിക്കാനാവില്ലെന്ന്…

പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സി.പി.ഐ.എം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി നേതൃത്വം പ്രതിരോധത്തിൽ. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്ക് ഉള്ളിൽ തന്നെ ശക്തമായി ഉയരുന്നുണ്ട്.
എന്നാൽ സംഭവത്തിൽ പ്രതികരിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ, പാർട്ടി കോടതിയല്ലെന്നും അനുഭവസ്ഥർ നിയമപരമായി മുന്നോട്ട് പോകുമല്ലോ എന്നും കെ.കെ. ശൈലജ വ്യക്തമാക്കി. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ലെന്നും, വിഷയം എന്താണെന്ന് അറിയുന്നതിന് മുൻപ് ഊഹത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലും ശക്തമായ നടപടി സ്വീകരിച്ചുവന്ന പാരമ്പര്യമുള്ള പാർട്ടിയാണ് സി.പി.ഐ.എം എന്ന് വ്യക്തമാക്കിയ അവർ, സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം എത്തുമ്പോൾ കാര്യങ്ങൾ അറിയാമെന്നും കൂട്ടിച്ചേർത്തു. പരാതി പൊലീസിന് കൈമാറേണ്ടതല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പരാതിക്കാരി അത് ചെയ്യുമല്ലോ എന്നായിരുന്നു അവരുടെ മറുപടി.



