ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം; ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിവാദമായ എസിപി ഇനി..

ജന്തർ മന്തറിൽ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. കൊണാട്ട് പ്ലേസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) വിവേക് ഭഗതിനെയാണ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (എഡിസിപി) ആയി സ്ഥാനക്കയറ്റം നൽകിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വിവേക് ഭഗത്തിനെതിരെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ലഭിച്ച പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കലണ്ടർകാണുക
എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവേക് ഭഗത് ഉൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇതോടെ നടപടി വിവാദമായിരിക്കുകയാണ്.
അതേസമയം, സ്ഥാനക്കയറ്റ നടപടിക്ക് ആരോപണങ്ങളുമായി ബന്ധമില്ലെന്നാണ് പൊലീസ് വൃത്തങ്ങളുടെ വിശദീകരണം. സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ ആരോപണങ്ങൾ ഉയരുന്നതിന് ഏറെ മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്നും വിവേക് ഭഗത്തിന്റെ പേര് നേരത്തെ തന്നെ പരിഗണിച്ചിരുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 2018 ബാച്ച് ഉദ്യോഗസ്ഥനായ വിവേക് ഭഗത് നിലവിൽ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
അതിനിടെ, വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിരുന്നു. പൊലീസ് നടപടിക്കെതിരെ മാധ്യമപ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമ ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെയുള്ള സ്ഥാനക്കയറ്റം പൊലീസ് നടപടിക്കെതിരെ വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.



