സംസ്ഥാന സ്കൂൾ ഗെയിംസിനിടെയുണ്ടായ അപകടം; വിവാദങ്ങൾക്കൊടുവിൽ, അഞ്ചാം ദിനം സ്ഥലം സന്ദർശിച്ച് മന്ത്രി ഒജെ ജനീഷ്

തൃശൂരിൽ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ പന്തൽ തകർന്ന് അപകടമുണ്ടായി അഞ്ചാം നാൾ സംഭവസ്ഥലം സന്ദർശിച്ച് കായിക മന്ത്രി ഒ.ജെ ജനീഷ്. പന്തൽ തകർന്ന അക്വാട്ടിക് കോംപ്ലക്സിൽ മന്ത്രി എത്തി. അപകടം സംഭവിച്ച് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയിൽ നിന്നുള്ള മന്ത്രി ആയിട്ടുകൂടിയും ഒജെ ജനീഷ് സ്ഥലം സന്ദർശിക്കാത്തതിനെതിരെ വൻ തോതിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ മന്ത്രി സംഭവസ്ഥലത്തെത്തിയത്.
ഒക്ടോബർ ഒന്നിന് രാത്രിയിലാണ് അക്വാട്ടിക് കോംപ്ലക്സിൽ പന്തൽ തകർന്നുവീണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ നാല് ദിവസം കഴിഞ്ഞിട്ടും മന്ത്രി സ്ഥലം സന്ദർശിക്കാത്തത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ജില്ലയിൽ തുടരുന്നതിനിടെയാണ് മന്ത്രി ഇന്ന് അപകട സ്ഥലം സന്ദർശിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അക്വാട്ടിക് കോംപ്ലക്സിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി നിർമ്മാണപ്രവർത്തനത്തിൽ വലിയ വീഴ്ചയുണ്ടായതായി പ്രതികരിച്ചു. മാത്രമല്ല ശക്തമായ മഴയും കാറ്റും അപകടത്തിനിടയാക്കിയെന്ന് അദ്ദേഹം പ്രതികരിച്ചു. മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചയാണ് അപകട കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.



