മുഖ്യമന്ത്രിക്കെതിരായ പരാതി അടൂർ പ്രകാശ് നാളെ കോൺഗ്രസ് ഹൈക്കമാൻഡിന് നൽകും

മുഖ്യമന്ത്രിക്കെതിരായ പരാതി അടൂർ പ്രകാശ് നാളെ കോൺഗ്രസ് ഹൈക്കമാൻഡിന് നൽകും. പിസിസി പ്രസിഡൻറുമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുന്ന സണ്ണി ജോസഫും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നാണ് വിവരം. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ദില്ലിയിൽ പറയുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രകാശിൻറെ പരാതിയോടുളള ഹൈക്കമാൻഡ് നീക്കമെന്തെന്നറിഞ്ഞ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് വിഡി ക്യാമ്പിന്റെ തീരുമാനം.
പറഞ്ഞ കാര്യങ്ങൾക്ക് പരസ്യ പിന്തുണ നൽകിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ സമീപനങ്ങളിൽ അതൃപ്തിയുളള സമാനമനസ്കർ പാർട്ടിയിൽ ഇനിയുമുണ്ടെന്ന് പ്രകാശ് വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ചില കോണുകളിൽ നിന്ന് വിമർശനമുണ്ടായിട്ടു പോലും പരാതിയുമായി ഡൽഹിക്കു പോകാനുളള പ്രകാശിൻറെ തീരുമാനം. ഡൽഹിയിൽ പാർട്ടി പ്രസിഡൻറ് മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും കഴിയുമെങ്കിൽ സോണിയാഗാന്ധിയെയും നേരിൽ കാണാനാണ് പ്രകാശിൻറെ ശ്രമം. പാർട്ടി സർക്കാർ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി ഡൽഹി യാത്രയ്ക്കു മുന്നോടിയായി പ്രകാശ് തയാറാക്കിക്കഴിഞ്ഞു.



