സ്കൂളിൽ അധ്യാപകരില്ലെന്ന് കണ്ണീരോടെ എഎപി എംഎൽഎ; പിന്നാലെ…

പാർട്ടി വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും ആരോപിച്ച് പഞ്ചാബിലെ മൗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ സുഖ്‌വീർ സിങ് മൈസർഖാനയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി എംഎൽഎ സമൂഹമാധ്യമങ്ങളിൽ വികാരാധീനനായി പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെയാണ് നടപടി.

സുഖ്‌വീർ സിങ്ങിന്റെ പ്രാഥമിക അംഗത്വം സസ്‌പെൻഡ് ചെയ്തതായി എഎപി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, എംഎൽഎ പങ്കുവച്ച വിഡിയോയാണ് സസ്‌പെൻഷന് കാരണമായതെന്ന് പാർട്ടി നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കമില്ലായ്മയുമാണ് ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയിരിക്കുന്ന കാരണങ്ങൾ.

മൗർ മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരില്ലെന്നും വിദ്യാർഥികൾ ഇതുമൂലം ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎയുടെ വിഡിയോ. അധ്യാപകരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെ അദ്ദേഹം വികാരാധീനനാകുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ ചർച്ചയായി.

Related Articles

Back to top button