മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വളരാൻ അനുവദിക്കണം… ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും അവർ വ്യക്തമാക്കി. അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിനെതിരെ മറ്റൊരു വനിതാ നേതാവായ ദീപ്തി മേരി വർഗീസും രംഗത്തെത്തി. പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്താൻ പാടില്ലെന്ന് ദീപ്തി പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച നടപടി എഐസിസി നേതൃത്വത്തെ അമ്പരപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള പരാതികൾ നേരത്തെയും എഐസിസി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നതായാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വിഷയം പരിശോധിച്ച് നേതൃത്വത്തെ ധരിപ്പിക്കുമെന്നാണ് വിവരം. പാർട്ടി-സർക്കാർ ഏകോപനത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചും ദീപ ദാസ്മുൻഷി നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. അതിനിടെ, അടൂർ പ്രകാശിന്റെ പരസ്യ വിമർശനം കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി എഐസിസിയുടെ വിശദമായ നിലപാട് പുറത്തുവന്നിട്ടില്ല.




