വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഒരാഴ്ചത്തേക്ക്…

സിംഹത്തെയും കടുവയെയും കാണാം, വിവിധയിനം പക്ഷികളെയും ഉരഗങ്ങളെയും അടുത്തറിയാം; അതും പ്രവേശന ഫീസ് നൽകാതെ. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഒരാഴ്ച സൗജന്യ പ്രവേശനം അനുവദിക്കും. ഒക്ടോബർ 2 മുതൽ 8 വരെയാണ് വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നത്.
സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ് തിരുവനന്തപുരം മൃഗശാല. വിവിധ ഇനങ്ങളിലായി ആയിരത്തിലധികം മൃഗങ്ങളും പക്ഷികളും ഇവിടെ സംരക്ഷിച്ചുവരുന്നു. സിംഹം, കടുവ, കാണ്ടാമൃഗം, വിവിധ ഇനം മാനുകൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധാന ആകർഷണങ്ങൾ.
സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെയാണ് മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുപ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മൃഗശാലയ്ക്ക് അവധിയായിരിക്കും.
വന്യജീവികളെ കാണുന്നതിനപ്പുറം അവയുടെ ജീവിതവും ആവാസവ്യവസ്ഥയും സംരക്ഷണത്തിന്റെ ആവശ്യകതയും വിദ്യാർഥികൾക്ക് അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് സൗജന്യ പ്രവേശനത്തിലൂടെ ലക്ഷ്യമിടുന്നത്. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ വളർത്തുന്നതിനൊപ്പം പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും ശക്തിപ്പെടുത്തുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം.



